Sunday, August 8, 2010

ഗള്‍ഫ്‌ ന്യൂസ്‌

ദുബായില്‍ എത്തുന്ന ഏതൊരു പ്രവാസിയും കടന്നു പോകേണ്ട ആദ്യത്തെ പടിയാണ് , "ഗള്‍ഫ്‌ ന്യൂസ്‌ ” എന്ന യു .എ .ഇ ദേശീയ ദിനപത്രം. പിറ്റേ ദിവസം നാസറിക്ക വിളിച്ചു പറഞ്ഞു , വിസിറ്റ് വിസയിലെ ഓരോ ദിവസവും പ്രധാന പെട്ടതാണ് , ഉറങ്ങി നശിപ്പിക്കരുത് . താഴെ ഗ്രോസറിയില്‍ ഗള്‍ഫ്‌ ന്യൂസ്‌ കിട്ടും . പേര് കേട്ടാല്‍ തോന്നും ഇതേതോ അറബിക്കടയാണെന്ന് , തെറ്റി . അതെല്ലാം നമ്മുടെ മലയാളികളുടെ സാമ്രാജ്യമാണ്‌ . വളരെ അപൂര്‍വ്വമായി ഇറാനികളെയും കാണാം . അവിടെ ഉപ്പു മുതല്‍ ഞൊട്ടാഞൊഡിയന്‍ വരെ കിട്ടും. ഞൊട്ടാഞ്ഞൊടിയനെന്നാല്‍ നമ്മുടെയെല്ലാം കാടുകളിലുണ്ടാകുന്ന ഒരു തരം മധുരമുള്ള പഴമാണു.

അറബിനാടെന്നാല്‍ മരുഭൂമിയാണെന്നും അവിടെ ഒട്ടകങ്ങളും കാരക്കമരങ്ങളും വരിവരിയായും നിരനിരയായും കാണുമെന്നെല്ലാം പാടിയത് പണ്ട്. ഇപ്പോള്‍ കപ്പങ്ങയും കദളിപ്പഴവും ഞാലിപ്പൂവനുമെല്ലാം അട്ടിയട്ടിയായും കുലകുലയായും കിടക്കുന്ന ജെ-മാറ്ട്ടും ലുലുവുമെല്ലാമാണിവിടെ.

അങ്ങിനെ കുളിച്ചു സുന്ദരിയായി താഴെ ഗ്രോസറിയിലെത്തി. ഗള്‍ഫ് ന്യൂസ് കണ്ടില്ല. നോക്കി നടന്നപ്പോള്‍ ആദ്യം കിട്ടിയത് സ്റ്റരോബറി മില്‍ക്ക് ആണു. മൂന്നു നാലു വര്‍ഷങ്ങള്‍ക്ക് ശേഷം അതിനെ കണ്ട സന്തോഷത്തില്‍ ആ റാക്കില്‍ കണ്ട മൂന്നും മറ്റാരും എടുക്കും മുംബേ എടുത്തു മാറ്റി വെച്ചു.സൗദിയിലെ സമ്പാദ്യമാണു സ്റ്റ്രോബറി മില്‍ക്കിനോടും മക് ടോനാല്ട് ചിക്കനോടുമുള്ള കൊതി. കടക്കാരനോടു ചോദിച്ചു, "Do you have Gulf News Daily”?"
മോള്‍ക്കെത്ര എണ്ണം വേണം. അയാള്‍ തിരിച്ചു ചോദിച്ചു. മലയാളത്തില്‍ പറഞ്ഞാല്‍ പോരേ? മലയാളികളെ കണ്ടാല്‍ അറിയില്ലേ? മീനാക്ഷിയുടെ റുമില്‍ പുതിയതാണല്ലേ? അയാള്‍ കുശലാന്വെഷണം തുടങ്ങി. നാടെവിട്യാ? വീടെവിട്യാ? വിട്ടില്‍ ആരൊക്കെയുണ്ട്? ഭറ്ത്താവെവിടെ? എന്ത് ചെയ്യുന്നു? വിസിറ്റിലാണോ?
എംബ്ലോയ്മെന്റിലാണോ?" "ദുബായില്‍ ഒരു ന്യൂസ് പേപ്പറ് കിട്ടണമെങ്കില്‍ ഇതെല്ലാം പറയണോ? എനിക്ക് വേണ്ട". "ഇല്ല തരാം". അങ്ങിനെ ഗള്‍ഫ് ന്യൂസും ചുമന്നു റുമില്‍ എത്തി. വാര്‍ത്തകള്‍ വായിക്കാനല്ല . ജോലി തേടുന്നവര്‍ക്കുള്ള പരസ്യം നോക്കാന്‍ . ഈ പരസ്യങ്ങള്‍ രണ്ടു വിഭാഗമുണ്ട് . ഒന്ന് , അപ്പൊയിന്ടുമെന്‍സ് എന്ന തൊലി വെളുത്ത അല്ലെങ്കില്‍ വരേണ്യ വര്‍ഗത്തിന് വേണ്ടിയുള്ളത് , രണ്ടു , ദുബായ് എയര്‍പോര്‍ട്ടിലെ ടെര്‍മിനല്‍ 2 വിലുടെ എത്തുന്ന താഴ്ന്ന വര്‍ഗത്തിനുള്ളത് .

ആദ്യം അപ്പോയിന്റ്മെന്റ്സ് തുറന്നു. ആഹാ, എത്ര വേക്കന്‍സി അള്ളാ, ദുബായില്‍ ,കണ്ണു തള്ളിപ്പോയി.പിന്നെയല്ലേ അറിഞ്ഞത് അതെല്ലാം വെള്ളക്കാര്‍ക്ക് ഉള്ളതാണെന്ന്. അപ്പോയിന്റ്മെന്റ്സ് വിഭാഗത്തിലെ ജോലികളെല്ലാം അയ്യായിരം ദിര്‍ഹത്തിനു മുകളിലുള്ളതും പേരെടുത്ത കന്സല്ടന്റ്റ് കമ്പനികള്‍ പരസ്യം ഇടുന്നതുമായിരിക്കും . ഈ പരസ്യങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത ഇവയ്ക്കെല്ലാം യോഗ്യതയുടെ മാനദണ്ഡം തൊലിയുടെ കളറോ രാജ്യതിര്‍ത്തിയോ ആണ് . മുകളില്‍ ഒരു വലിയ തലക്കെട്ട്‌ കാണാം . യു. സ്‌ /യു.കെ / ഓസ് / സ. ആ എടുക്കെട്ടട് ഒണ്‍ലി നീഡ്‌ ടു അപ്ലൈ . പിന്നെയാണ് യോഗ്യതാ പരിഞ്ജാനം . അന്നാണ് എനിക്കാദ്യമായി മനസ്സിലായത്‌ , വെള്ളക്കാരനും അറബിക്കുമിന്നും ബുദ്ടിയും ബോധവും തലയിലല്ല ,തൊലിയില്‍ തന്നെയാണെന്ന്.

പിന്നെ ക്ലാസ്സിഫൈട്സ് എന്ന സാധാരണ ക്കാരന്റെ തൊഴിലന്വേഷണ പംക്തി . ഇതില്‍ മിക്കവാറും തൊഴിലുടമകള്‍ ഇന്ത്യക്കാരോ , അതായത് മലയാളികളോ ആയിരിക്കും.പാവം ഞാന്‍ ക്ലാസിഫൈഡ്സ് തുറന്നു. ആദ്യം കിട്ടിയത് ഹൗസ് മെയ്ഡ്, ഡ്രൈവറ് പേജ്. വലിച്ചെറിയാന്‍ തോന്നി.

ആദ്യം നാസറിക്കയെ വിളിച്ചു, ഫോണ്‍ അറബിയിലെന്തോ പറയുന്നു. പിന്നെ സഞ്ജയിനെ വിളിച്ചു, അയാളൊരു ഹിന്ദി സുഹൃത്താണ്, “Don’t worry sakeena, there are good vacancies in classifieds also. You just note down the fax number or email id and give a miss call to me. Your cv is with me. I have modified it. I will send to all those numbers”.

ഞാനൊരു മൂന്നാല് നമ്പര്‍ നോട്ട് ചെയ്തു , മിസ്സ്‌ കാള്‍ ചെയ്തു , അന്നത്തെ ജോലി കുശാല്‍ . കൊടുത്ത നമ്പരെല്ലാം ഏതോ വക്കീലാപ്പീസിലെ ആയിരുന്നു . ഇനി ഭക്ഷണം കഴിക്കണം.താഴെ റസ്ടോറന്‍ടീന്നു വാങ്ങിക്കാന്‍ നാസറിക്ക പറഞ്ഞിരുന്നു.
റസ്ടോറന്‍ടില്‍ ചെന്നപ്പോള്‍ പച്ചേം പച്ചേം ഉടുപ്പിട്ട കാണാന്‍ നല്ല ചന്ദമുള്ള ഒരു പയ്യന്‍ വന്നു നിന്ന് ചിരിച്ചു . ഞാനും നന്നായി ചിരിച്ചു . എന്താ വേണ്ടെന്നു ചോദിച്ചു . എന്താ ഉള്ളതെന്ന് ഞാനും . മലയാള അക്ഷര മാലേലെ ആ എന്ന അപ്പത്തില്‍ തുടങ്ങി ഹ ഹല്‍വ വരെ അയാള്‍ ഒറ്റ ശ്വാസത്തില്‍ പറഞ്ഞപ്പോ ഞാന്‍ ഞെട്ടിപ്പോയി .

എന്തായാലും ദുബായില്‍ ഭക്ഷണത്തിനു ക്ഷാമമില്ലെന്ന് മനസ്സിലാക്കി ഞാന്‍ ഇടലി ഓര്‍ഡര്‍ ചെയ്തു . ഭക്ഷണം കഴിച്ചു അയാള്‍ക്ക്‌ ടിപ് കൊടുത്തപ്പോള്‍ അതിനുമറിയണം പേരും നാടുമെല്ലാം . എന്തായാലും ഭക്ഷണം കിട്ടിയ സന്തോഷത്തില്‍ ഞാനതെല്ലാം അങ്ങ് പറഞ്ഞു . അപ്പോഴേക്കും മണി പതിനൊന്നായി . ഇനിയൊരു ജോലിയുമില്ല . ഞാനും എന്‍റെ ബെഡ് സ്പേസും മാത്രം . കിടന്നുറങ്ങുക തന്നെ . ളുഹറായി അസറായി എന്നും പറഞ്ഞു തലേല് വെള്ളമൊഴിക്കാനും തല്ലിപ്പോളിക്കാനും ഉമ്മചിയില്ല , സമാധാനമായിട്ട് ഒരൊന്നന്നര ഉറക്കം ഉറങ്ങണം . ബെഡ് സ്പേസിനു നന്ദി പറഞ്ഞു ഞാന്‍ ഉറങ്ങാന്‍ കിടന്നു . പത്തു മിനിറ്റു കഴിഞ്ഞില്ല , നാസറിക്ക വിളിക്കുന്നു . “നീ എന്തെടുക്ക്വാ അവിടെ ? .
ഞാനോ ? ഞാനിവിടെ മുടിപ്പുതച്ച്ചു കിടന്നുറങ്ങാനോരുങ്ങുകയായിരുന്നു . “നീ ഗള്‍ഫ് ന്യൂസ്‌ വാങ്ങിയില്ലേ ?” ഉവ്വ് , “എന്നിട്ട് ,” ഞാന്‍ സഞ്ജയന് മിസ്കാള്‍ അടിച്ചു പറഞ്ഞു കൊടുത്തു നമ്പര്‍ എല്ലാം . “ആരാ സഞ്ജയ്‌ ?” എന്‍റെ ഒരു ഫ്രണ്ട് , “എവിടത്ത് കാരനാ ”? ബോംബെ കാരന്‍ . “കണ്ടിട്ടുണ്ടോ ?” ഇല്ല . “വേറെ ആരെങ്കിലുമുണ്ടോ മിസ്കാള്‍ അടിക്കാന്‍ ”. ഒരു സുടാനിയുടെ നമ്പര്‍ അറിയാം വിളിച്ചിട്ടില്ല . സുടാനിയേം ബോംബെ കാരനേം ഒക്കെ വിളിച്ചു , നാളെ അവര് കാണാന്‍ വരും , പിന്നെ കൂടെ കാറില്‍ കേറി പോയേക്കരുത്‌ , ഇത് നാടല്ല . ഓര്‍ത്തോ" .

ഇല്ല ഇക്ക , ഇക്കാക്കെന്നെ അറിയില്ലേ , എറണാകുളം , ഡല്‍ഹി ,മദ്രാസ്‌ ,ബാംഗ്ലുരോക്കെ അടിച്ചു പൊളിച്ചിട്ട്‌ ഒരാളും എന്നെ കൊണ്ടോയില്ല ,പിന്നല്ലേ സുഡാനി .

നീ ഒരു പണി ചെയ്യ് , ആ ഗള്‍ഫ് ന്യുസിലെ ക്ലാസ്സിഫൈട്സ് ഒന്ന് കൂടി നോക്കി ഇമെയില്‍ എടുത്തു കീര്തീടെ തൊട്ടടുത്ത്‌ അല്‍ അത്താര്‍ സെന്റര്‍ ഉണ്ട് , അവിടെ ഇന്റര്‍നെറ്റ്‌ കഫെ ഉണ്ട് , അതിലേക്കെല്ലാം സി വി അയയ്ക്കു , കെടന്നുറങ്ങാതെ. ശോ , ഒടുക്കത്തെ ഒരു ഗള്‍ഫ്‌ ന്യുസ് .

5 comments:

  1. 1998 നവംബര്‍ മാസം ഓര്‍മ വന്നു. അന്നു രാവിലെകളീല്‍ ഇതായിരുന്നു പ്രധാന പണി., അവസാനം ക്ളാസിഫൈഡില്‍ നിന്നു തന്നെ ഒരു ജോലി ശരിയായി.. ഇന്നും ആ പേപ്പര്‍ ഇവിടെ എവിടെയോ ഇരുപ്പുണ്ട്... ഇപ്പോഴും ഗള്‍ഫ് ന്യൂസ് നോക്കുന്നു,.,, ക്ലാസിഫൈഡ് മാറി, അപ്പോയ്ന്റ്മെന്റ് ആയി എന്നു മാത്രം ..(തൊലി വെളുത്തിട്ടല്ല.. നമുക്കു പറ്റിയതും ആപ്പോയ്ന്റ്മെന്റില്‍ വരാറുണ്ട് കേട്ടോ...)

    ReplyDelete
  2. good writing.
    http://www.jidhu.blogspot.com/

    ReplyDelete
  3. പ്രവാസ യാത്രയിലൂടെ......

    ReplyDelete
  4. This comment has been removed by a blog administrator.

    ReplyDelete
  5. ഞാന്‍ ക്ലാസിഫൈഡ്സ് തുറന്നു. ആദ്യം കിട്ടിയത് ഹൗസ് മെയ്ഡ്, ഡ്രൈവറ് പേജ്. വലിച്ചെറിയാന്‍ തോന്നി.
    ഹൗസ് മെയ്ഡ്, ഡ്രൈവറ് ജോലി ഇത്ര മോശപെട്ട ജോലിയാണോ ??

    ReplyDelete