Wednesday, October 30, 2013

ബെഡ് സ്പേസ്


പകലുകളില്‍ ഞാന്‍ ഒറ്റയ്ക്കായിരുന്നു, രാത്രികളിലും. ബെഡ് സ്പേസിലെ ആത്മ പാതിയായി ആനിയെത്തിയതോടെ എന്റെ സ്വകാര്യതയ്ക്ക് ഭംഗം വന്നിരിക്കുന്നു. മൊബൈല്‍ ഫോണിലൂടെ കൂടെയുള്ളവരെല്ലാം സ്വകാര്യതയും സന്തോഷവും ഉറങ്ങും വരെ പങ്കിടുന്നു, ഷേർലിക്ക് കസിനും ജൂടിക്ക് ബോസും മീനാക്ഷിക്ക് പാര്‍ദ്നറും, സിത്താരയ്ക്ക് മാഷും അവസാനമെത്തിയ ആനിക്ക് പാക്കിസ്ഥാനിയായ ആലവും കൂട്ടുകാരുണ്ട്.

അന്നുമിന്നുമെന്റെ സ്വകാര്യത എന്റെ തലയിണയിലൂടിറ്റു വീഴുന്ന കണ്ണ് നീര്‍ തുള്ളികളാണ്, അവയെനിക്ക് ഉറക്ക ഗുളിക പോലെയായിരിക്കുന്നു, കരയാതെ ഉറങ്ങാനാവാത്ത അവസ്ഥ. നീളവും കനവുമുള്ള പുതപ്പു ചുരുട്ടി കൈക്കുള്ളിലാക്കി ആച്ച്ചുവിനുമ്മ കൊടുത്ത് മനസ്സില്‍ പാടിയുറക്കുമാദ്യം. അവനുമുറങ്ങിയാല്‍ എന്റെ ആജ്ഞകളെയും കല്പനകളെയും പ്രതിജ്ഞകളെയുമെല്ലാം കാറ്റില്‍ പറത്തി ഓര്‍മ്മകള്‍ പിന്നോട്ട് തന്നെ പായുന്നു. എന്നെ വേദനിപ്പിക്കാനായി ജന്മ ശപഥമെടുത്ത ഏതോ ഒരു സാടിസ്ട്ടിനെ ഓര്‍മപ്പെടുത്തി കൊണ്ട്. അവ പോയി അവസാനം ആ മനുഷ്യനെ തൊട്ടുരുമ്മി നില്‍ക്കുന്നു. എന്റെ വേദന കണ്ണ് നീരായി, തേങ്ങലായി,പിന്നെ ഗദ്ഗദമായി പുറത്തെക്കുയരുംപോഴേക്കും ആനി മൊബൈലിലെ ടോര്‍ച്ചു താഴെക്കടിച്ച്ചു ചോദിക്കും, "സക്കീനാ, നീ കരയുകയാണോ?", ആണെന്നോ അല്ലെന്നോ പറയാതെ ശബ്ദം പുറത്തു കേള്‍ക്കാതിരിക്കാന്‍ പുതപ്പു ചുണ്ടിലമര്‍ത്തി വീണ്ടും കിടക്കും. ഉറക്കം വരാറില്ല.അയല്‍പക്കത്തെ വിജയന്‍ ചേട്ടന്‍ പണ്ട് പറഞ്ഞു കേട്ടിട്ടുണ്ട്, ദൈവം മനുഷ്യന് നല്‍കിയ ഏറ്റവും വലിയ അനുഗ്രഹമാണുറക്കമെന്ന്. അദ്ദേഹത്തിനു ഉറക്കമെയില്ലായിരുന്നുവത്രേ.

ദില്ലി റെയില്‍വേ സ്റ്റേഷനിലെ ജനാലയ്ക്കരികില്‍ ട്രെയിനിനെ തൊട്ടു നില്‍ക്കുന്ന ആ മുഖം എന്നെ മറന്നിത്ര കാലം കഴിഞ്ഞിട്ടും എനിക്ക് മറക്കാന്‍ കഴിയാത്തതെന്തെന്ന് പലവുരു ചോദിച്ചു പരാജയപെട്ട ചോദ്യമാണ്. കഴിഞ്ഞ പ്രാവശ്യവും ഇതുപോലെ നിന്ന് യാത്ര അയച്ചതാണ്, Our baby will be safe at home. You need rest. You need peace. So you go to Shivanandashram and do yoga and take rest there" വീട്ടിലെത്തും മുമ്പേ ഉമ്മച്ചിക്ക് ഇന്‍സ്ട്രക്ഷന്‍ ഉണ്ടായിരുന്നു, എന്നെ ആശ്രമത്തിലെത്തിക്കാന്‍. അന്ന് തന്നെ തിരുവനന്തപുരത്തു കാട്ടാക്കടയില്‍ നെയ്യാര്‍ ഡാമിനടുത്തുള്ള ശിവാന നന്ദാശ്രമത്തില്‍ ഒരു വിധം ചോദിച്ചും പറഞ്ഞുമെത്തി.

അവിടെ സന്യാസികളും സന്യാസിനിമാരുമായി എല്ലാവരും വിദേശീയരായിരുന്നു. കാവിയുടുത്ത ഒരു ജര്‍മന്‍ കാരനായിരുന്നു, നേതാവ്, അദ്ദേഹമെന്നെ മുറിയില്‍ വിളിപ്പിച്ചു സംസാരിച്ചു, ഭര്‍ത്താവ് വിളിച്ചു പറഞ്ഞിട്ടുണ്ടെന്നും ഇവിടെ താമസം ഏര്‍പ്പാടാക്കിയിട്ടുന്ടെന്നും സ്വദേശീയര്‍ എങ്ങിനെ ഉണ്ടെന്നു നോക്കാം എന്നൊക്കെ പറഞ്ഞു. ഉമ്മച്ചി തിരിച്ചു പോന്നു. രാത്രിയില്‍ കുറെ നേരം ഭജനയും ധ്യാനവുമെല്ലാം കഴിഞ്ഞു ഉറങ്ങാന്‍ പോയി. ഒരു വലിയ ഹാളില്‍ എല്ലാവരും ഒരുമിച്ചാണ് ഉറങ്ങുന്നത്, ഓരോരുത്തര്‍ക്കും ബെഡ് ഉണ്ട്, ഒരൊറ്റ മലയാളി പോലുമില്ല. എനിക്കുറക്കം വന്നില്ല.

എങ്ങിനെയോ നേരം വെളുപ്പിച്ചു, ഞാന്‍ സ്വാമിയെ കണ്ടു, എനിക്കീ സാഹചര്യത്തില്‍ ഉറങ്ങാന്‍ വിഷമമാണെന്നും തിരിച്ചു പോകണമെന്നും പറഞ്ഞു. അയാള്‍ സമ്മതിക്കുന്നില്ല. ഇവിടെ തന്നെ അഡ്മിറ്റ്‌ ചെയ്തത് ദല്‍ഹിയിലെ ഹെഡ് ആഫീസില്‍ നിന്നും വിളിച്ചു പറഞ്ഞിട്ടാണ്, അവിടെ നിന്ന് പറഞാലെ ഇവിടെ നിന്നും പോകാന്‍ പറ്റൂ. അയാള്‍ ഡല്‍ഹിയില്‍ വിളിച്ചു, അഞ്ചു മിനിട്ടിനകം ഫോണ്‍ വന്നു, ഒരു കാരണവശാലും എന്നെ തിരിച്ച്ചയക്കരുതെന്ന നിര്‍ദേശവും. ബെഡ് സ്പേസ് മാറ്റി എന്നെ റൂമിലാക്കാനുള്ള പരിപാടിയും നടക്കുന്നുണ്ട്. ബെടിനു ദിവസം ആയിരം രൂപ മതി, പക്ഷെ റൂമിന് രണ്ടായിരത്തി അഞ്ഞൂറ് വേണം. അത് പത്തു ദിവസത്തേക്ക് അഡ്വാന്‍സ് അടച്ചു അര മണിക്കൂറിനു ശേഷം കദീര്‍ വീണ്ടും വിളിച്ചു, അവിടെ തന്നെ നില്‍ക്കണം, എത്ര ചിലവായാലും ഞാന്‍ നോക്കിക്കോളാം എന്നൊക്കെ പറഞ്ഞു.

എനിക്ക് മുറി കാണിച്ചു തന്നു, ഒരു സിംഗിള്‍ കട്ടിലും ചെറിയൊരു മേശയുമുണ്ടായിരുന്നു. എനിക്കാ റൂം കണ്ടപ്പോഴേ പേടിയായി. ഇതുവരെ തനിച്ചൊരു റൂമിലൊറ്റയ്ക്ക് കിടന്നിട്ടില്ല. ഉമ്മച്ചിയോ അനിയത്തിമാരോ സമരം ചെയ്യുന്ന ദിവസം ഉറങ്ങാതെ കഴിച്ചു കൂട്ടുകയാണ് പതിവ്. പണ്ട് ഐ.സി. ഡ.ബ്ലു യുടെ സെമിനാറിന് മദ്രാസില്‍ പോയപ്പോള്‍ പെണ്‍കുട്ടികള്‍ ആരും ഇല്ലാതിരുന്നതിനാല്‍ ഇതുപോലൊരു റൂം എനിക്കായി തരപ്പെടുത്തി തന്നു. പാതിരാത്രിയിലും ഉറങ്ങാതെ ലൈറ്റി ട്ടിരിക്കുന്ന എന്നെ കണ്ടു അടുത്ത റൂമിലെ ചെയര്‍മാന്റെ സഹായി അന്വേഷിച്ചപ്പോള്‍ പേടിയാണെന്ന് പറഞ്ഞു, പിറ്റേന്ന് കൂട്ടുകാര്‍ താമസിക്കുന്ന നാല്പതു ആണ്‍കുട്ടികള്‍ മാത്രമുള്ള ഡോര്‍ മിട്ടരിയിലുരങ്ങേണ്ടി വന്നു. അവര്‍ ഫിറ്റാകുന്നതും വാള് വയ്ക്കുന്നതും ഒക്കെ സഹിച്ചു കഴിച്ചു കൂട്ടി.

സമയം വൈകുന്തോറും എനിക്ക് പേടി കൂടി കൂടി വന്നു. എന്തായാലും എല്ലാരും പിരിഞ്ഞു പോയപ്പോള്‍ ഞാനും എന്റെ പേടിയും മാത്രമായി മുറിയില്‍. ഇത് രണ്ടാം ദിവസമാണ്, ഉറങ്ങാത്ത രാത്രി. മൂന്നു ദിവസം അടുപ്പിച്ചു ഉറങ്ങാതിരുന്നാല്‍ എനിക്ക് വട്ടാകും, അതാലോചിച്ചപ്പോഴേ പകുതി വട്ടായി. കാത്തു കാത്തിരുന്നു ഒരു വിധം നേരം വെളുത്തു. ധ്യാനവും, യോഗാ ക്ലാസും രാവിലെയും വൈകിട്ടുമുണ്ട്. രാവിലെ കുഴപ്പമില്ല, നിശബ്ധമായ കുറെ പ്രാര്‍ത്ഥനകളാണ്, ജര്‍മന്‍ സ്വാമിയാണ് നേതൃത്വം കൊടുക്കുന്നത്. അദ്ദേഹം അര്‍ദ്ധ പത്മാസനത്തിലാണ് ധ്യാനത്തിനിരുന്നത്, നേരത്തെ സുധീര്‍ മാഷിന്റെയടുത്തു നിന്ന് യോഗ പഠിച്ചതിനാല്‍ എനിക്ക് പത്മാസനത്തിലിരിക്കാന്‍ വിഷമമില്ലായിരുന്നു. ശീലമാക്കാന്‍ നമസ്കാര ശേഷമുള്ള പ്രാര്‍ഥനകള്‍ രാവിലെ പത്മാസനത്തിലിരുന്നു ചെയ്തും പോന്നു.ധ്യാനാവസാനം സ്വാമി എന്നെ വിളിച്ചു അഭിനന്ദിച്ചു,"You are something special, I noticed you from the beginning".

അതിനു ശേഷമുള്ള യോഗാ ക്ലാസ് ഞെട്ടിക്കുന്നതായിരുന്നു. അവിടെ പഠിക്കാനായി വരുന്ന സന്ദര്‍ശകരധികവും ഒന്നോ രണ്ടോ ആഴ്ചത്തെ യോഗ കോഴ്സിനു വരുന്നവരാണ്, അവര്‍ക്ക് വേണ്ടിയുള്ള ക്രാഷ് കോഴ്സ് ആണ് ഭൂരിഭാഗവും. ഇതിനുള്ളില്‍ ബേസിക് യോഗ മുതല്‍ ഹലാസനവും സൂര്യ നമസ്കാരവുമെല്ലാം പഠിച്ചിരിക്കണം. സര്‍വാംഗാസനം ചെയ്യാന്‍ ശ്രമിക്കുന്ന ശിഷ്യന്റെ കാലു മുകളിലേക്ക് വലിച്ചു കൊടുത്തും പിന്നീട് ഹലാസനത്തിലേക്ക് ആ കാലു വളച്ചു തല വഴി താഴെ മുട്ടിക്കുന്നതുമെല്ലാം കണ്ടപ്പോള്‍ ഞാന്‍ ദൈവത്തിനു സ്തുതി പറഞ്ഞു, എനിക്കിത് തനിയെ ചെയ്യാമല്ലോ എന്നോര്‍ത്തു. അവിടെയും പ്രശ്നമൊന്നുമില്ലാതെ രക്ഷപെട്ടു.

അടുത്തതും ധ്യാനം എന്ന് തന്നെയാണ് പേര്. ഒരു വിദേശി സ്ത്രീ എന്തൊക്കെയോ പറഞ്ഞു തരും, അത് കൂടെയുള്ളവര്‍ ഉറക്കെ ഏറ്റു പറയുക.അവര്‍ പറയുന്നത് മലയാള ഭാഷയാണ്‌, അവര്‍ക്ക് പോലും അറിയില്ലാത്തത് ഞാനേറ്റു പറയുക. എനിക്ക് വല്ലാതെ വീര്‍പ്പു മുട്ടുന്നത് പോലെ, ഞാനെഴുന്നേറ്റു പുറത്തേക്കിറങ്ങി. പുറത്താരുമില്ല, വിശാലമായ പ്രകൃതി മനോഹാരിത,ഞാനതാസ്വടിച്ഛങ്ങിനെ നടന്നു, കുറെ ദൂരെ കല്ല്‌ കൊണ്ട് കേട്ടിയിരിക്കുകയാണ്, അത് ഡാമിലേക്കുള്ള കവാടമാണ്, ചുറ്റും നോക്കിയപ്പോള്‍ ഒരു ചെറിയ വാതില്‍ കണ്ടു, ഞാന്‍ അതിലൂടെ നുഴഞ്ഞു വെള്ളത്തിലിറങ്ങി, അടുത്തു കണ്ട ഒരു പാറയിലിരുന്നു. കുറെ കഴിഞ്ഞപ്പോള്‍ സെക്യൂരിറ്റി ആരെയൊക്കെയോ കൊണ്ട് വന്നു എന്നെ കാട്ടി കൊടുക്കുന്നു. അവര്‍ എന്നെ വിളിച്ചു കൊണ്ട് പോയി. അതോടെ ഞാന്‍ അവിടുത്തെ നോട്ടപുള്ളിയായി.

റൂമിലേയ്ക്ക് താമസം മാറിയത് കൊണ്ടാവാം അവിടുത്തെ അന്തേവാസികളായ ചില മലയാളികള്‍ എന്നെ ശ്രദ്ദിക്കാനും കമന്റു പറയാനും തുടങ്ങിയിരുന്നു. അവരാണ് പൂജകള്‍ക്കും മന്ത്രങ്ങല്‍ക്കുമെല്ലാം നേതൃത്വം കൊടുത്തിരുന്നത്.രാത്രി ഉറങ്ങുന്നതിനു മുമ്പ് ഒരിക്കല്‍ കൂടി ധ്യാനവും ക്ലാസുമുണ്ട്, സ്വാമിജിയുടെ നേതൃത്വത്തില്‍. അന്ന് ഇരിക്കാന്‍ മുമ്പില്‍ സീറ്റ് കിട്ടിയില്ല, പുറകില്‍ മലയാളികളായ ആ പുരുഷന്‍ മാര്‍ക്ക് സമീപമാണ് ഇരിക്കേണ്ടി വന്നത്.അവർ പറഞ്ഞത് മുഴുവനും എനിക്കിഷ്ടമില്ലാത്തതായിരുന്നു.

ഒരു വിധം അവസാനിക്കും വരെ അവിടെ ഇരുന്നു, ഞാന്‍ മുറിയിലേക്കോടി. പറയാന്‍ പോലും ആരുമില്ല. കതകു കുറ്റിയിടാനായി നോക്കിയപ്പോള്‍ ഞെട്ടി പോയി, എന്റെ വാതിലിന്റെ കൊളുത്ത് ആരോ അഴിച്ചെടുത്തിരിക്കുന്നു. അവിടെ കൊളുത്തിരുന്ന ഒരു അടയാളം മാത്രമുണ്ട്, നേരത്തെ കേട്ടവയെല്ലാം എന്റെ കാതില്‍ പ്രതിധ്വനിക്കുന്നു, ഒന്നും ചെയ്യാനില്ല. ഞാന്‍ താഴെ സ്വാമിയുടെ മുറിയുടെ അടുത്തെത്തി. പക്ഷെ സ്വാമി രാത്രി സന്ദര്‍ശകരെ അനുവദിക്കില്ലത്രേ. പുറത്തു നിന്ന സെക്യൂരിറ്റിയോട് സംഭവം പറഞ്ഞു, അയാള്‍ രാവിലെ ആശാരിയെ വിളിച്ചു ശരിയാക്കാം എന്ന് പറഞ്ഞു, ഞാന്‍ ഇന്നെങ്ങനെ ഉറങ്ങും? എന്തായാലും റൂമില്‍ പോകുന്ന പ്രശ്നമേയില്ല, എന്നെ അശ്ലീലം പറഞ്ഞ ഓരോ മുഖങ്ങളും മനസ്സില്‍ കൂടുതല്‍ ഭീകരതയോടെ തെളിഞ്ഞു വന്നു.അന്നും ഉറങ്ങാതെ ഞാന്‍ ഇരുന്നും നടന്നും കഴിച്ചു കൂട്ടി.

പ്രഭാതത്തിലുള്ള കര്മ്മങ്ങളിലെല്ലാം പങ്കെടുത്തു. പതിനൊന്നു മണിയായപ്പോള്‍ ധ്യാനത്തിന് പോകണം. അതൊരു വലിയ പ്രശ്നം തന്നെയാണ്. ഇന്നവര്‍ പറയുന്നത് "ഗണേശായ നമഃ" എന്നാണെന്ന് തോന്നി. ഫോണില്‍ കദീര്‍ വിളിച്ചു നിര്‍ദ്ദേശിച്ചിരുന്നു, യോഗ പഠിക്കുന്നതിനിടെ ചിലപ്പോള്‍ അവര്‍ ഹിന്ദു സൂക്തങ്ങളൊക്കെ ഒരുവിട്ടാല്‍ ഇഷ്ടമില്ലെങ്കിലും അവയൊക്കെ അനുകരിച്ചേക്കണം. ഹിന്ദു പാരമ്പര്യവും സംസ്കാരവും ഭാരതീയ സംസ്കാരത്തിന്റെ ഭാഗമാണ്, അതിനോട് തോന്നുന്ന ആദരവ് ഓരോ ഭാരതീയന്റെയും ആത്മീയതയുടെ ഭാഗമാണ്. അവയെ കുറിച്ചു അറിയുകയും പഠിക്കുകയും ചെയ്യുക എന്നതും എനിക്കിഷ്ടമുള്ള ഒന്നാണ്. എങ്കിലും ഏതെങ്കിലും വ്യക്തിക്കോ രൂപത്തിനോ സങ്കല്പത്തിണോ മുമ്പില്‍ നമിക്കുക എന്നത് എന്റെ ഏകദൈവ വിശ്വാസത്തിനെതിരാണ്.

ഭര്‍ത്താവിനു വേണ്ടിയായാലും എന്റെ സമാധാനത്തിനു വേണ്ടിയായാലും എനിക്കതിനു കഴിഞ്ഞില്ല. ഞാന്‍ നിശ്ശബ്ദത പാലിച്ചു. അടുത്തതായി അവര്‍ പരയാനാഗ്രഹിച്ച്ചത് "ഓം ശാന്തി" എന്നാണു. പക്ഷേ അവര്‍ വിളിച്ചു പറയുന്നത് "ഓം ചന്തി" എന്നാണു. കൂടെയുള്ളവര്‍ ഏറ്റു പറയുന്നു. സംയമനം പാലിക്കാന്‍ പരമാവധി ശ്രമിച്ചു ചെവി പൊത്തി ഞാനിരുന്നു. വിദേശീയർ നമ്മളെ ഒരുപാട് ചൂഷണം ചെയ്തിട്ടുണ്ട്. യോഗയും ധ്യാനവുമെല്ലാം ഇന്നവർ കച്ചവട ലാഭത്തിനായി ഉപയോഗിക്കുമ്പോൾ, അവരുടെ നാവിനു വഴങ്ങാത്ത മന്ത്രങ്ങൾ ഏറ്റു ചൊല്ലാൻ എനിക്കായില്ല. ഓം ശാന്തി എന്ന് ശരിയായ രൂപത്തിലാണവർ പറഞ്ഞിരുന്നതെങ്കിൽ അതുച്ചരിക്കാൻ എനിക്ക് വിഷമമില്ലായിരുന്നു. ഇസ്ലാം എന്നാ വാക്കിന്റെയും അർഥം ശാന്തി അഥവാ സമാധാനം എന്ന് തന്നെയാണ്. അവസാനം ഞാന്‍ എഴുന്നേറ്റു പറഞ്ഞു.It is not Om chandi, it is Ohm Shanthi, and it is the most sacred mantra of India's ancient religion and it must come from the depth of our soul when we pronounce it".

ഇത് പറഞ്ഞു ഞാൻ ഇറങ്ങി നടന്നു. എന്റെ മുറിയിൽ പോയി ബാഗെടുത്തു വന്നു. ഒന്നും നോക്കിയില്ല. ആശ്രമത്തിന്റെ പൊക്കത്തിലുള്ള മതിൽകെട്ടിൽ നിന്നും ഒറ്റ ചാട്ടം. ആരും കണ്ടില്ല. കുറെ ആണ്‍കുട്ടികൾ മരം കയറുന്നതും എന്തൊക്കെയോ പറിക്കുന്നതും കണ്ടു. അവരോടു വഴി ചോദിച്ചു. അവർ എന്നെ അഗസ്ത്യമലയുടെ താഴെയുള്ള തടാകത്തിനടുത്ത് എത്തിച്ചു. അവിടെ സ്ത്രീകളായിരുന്നു, വഞ്ചി തുഴഞ്ഞിരുന്നത്. വഞ്ചിയിൽ കയറിയിരുന്ന എനിക്ക് അഗസ്ത്യ മലയിൽ പോകണം എന്നുണ്ടായിരുന്നു.പ്രൊഫ. മധുസൂദനൻ നായരുടെ കവിതയിലൂടെ ചിരപരിചിതനായിരുന്ന അഗസ്ത്യ മുനിയെ കാണാൻ കിട്ടുന്ന അവസരം പാഴാക്കെണ്ടെന്നു കരുതി. പക്ഷേ അവിടെ പോകാൻ നാല്പത് ദിവസം നോമ്പ് നോൽക്കണമത്രേ. എന്നാലും സ്ത്രീകൾക്ക് അവിടെ പോകാനാവില്ലെന്നവർ പറഞ്ഞു. ഞാൻ തിരിച്ചു പോന്നു.

ഇനി ആശ്രമത്തിലേക്കില്ല. കണ്ട വഴിയിലൂടെല്ലാം നടന്നു. ആലുവയിലെത്തണം. എപ്പോഴാണ് ബസ് കിട്ടുകയെന്നറിയില്ല. ഒരു ടാക്സി വരുന്നു. ഞാൻ അതിൽ ചാടി കയറി. ആലുവയിലെത്തണം എന്ന് പറഞ്ഞു. അയാൾ യാത്രയായി. വണ്ടി കുറെ ദൂരെ ഓടി കഴിഞ്ഞപ്പോൾ, അതാ വഴിയിൽ പോലീസ് തടഞ്ഞു നിർത്തുന്നു. രാത്രി വീട്ടിൽ കിടന്നുറങ്ങിയാലും കണ്ണ് തുറക്കുമ്പോൾ എന്റെ പേരിൽ കേസ് എന്ന് പറഞ്ഞ പോലെ എവിടെ ചെന്നാലും പോലീസ്. അവർ എന്നേയും ബാഗും സൂക്ഷിച്ചു നോക്കി. വണ്ടിക്കാരനോട് വിട്ടോളാൻ പറഞ്ഞു. എന്നെ സ്റ്റെഷനിലേക്കും കൊണ്ട് പോയി. .

ഞാൻ ആശ്രമത്തിൽ നിന്നും ചാടിയ ഉടനെ അവർ പൂജപ്പുര സ്റ്റെഷനിലേക്ക്‌ വിളിച്ചു വിവരം പറഞ്ഞിരുന്നു, എന്റെ ലക്ഷണങ്ങൾ അടക്കം. എന്നെ സ്വീകരിക്കാനാണ്‌ പോലീസ് കാത്തു നിന്നത്. അവർ എന്നോട് കുറെ ചോദ്യം ചോദിച്ചു. യോഗ പഠിക്കാൻ ആണു ആശ്രമത്തിൽ പോയതെന്നും ഭര്ത്താവ് അയച്ചതാണെന്നുമെല്ലാം ഞാൻ സത്യം പറഞ്ഞു. അവർ എന്നോട് യോഗ ചെയ്തു കാണിക്കാൻ ആവശ്യപ്പെട്ടു. ആദ്യം വിസമ്മതിച്ചെങ്കിലും എനിക്ക് സൂര്യ നമസ്കാരമെല്ലാം കാണിക്കേണ്ടി വന്നു. അമ്മയെ വിളിച്ചു അറിയിച്ചിട്ടുണ്ട്. വന്നു കൊണ്ട് പൊയ്ക്കോളും. പാവം ഉമ്മച്ചി ഇതെത്രാമത്തെ പ്രാവശ്യമാണ്. എന്ത് ചെയ്യാം? ഞാനല്ലല്ലോ തെറ്റുകാരി. എനിക്ക് ചുറ്റുമുള്ള വ്യവസ്ഥിതി അല്ലേ. ഞാൻ ആശ്വസിച്ചവിടെ കുത്തിയിരുന്നു. .

പറന്നെത്തിയത്‌ പോലെ ഉമ്മച്ചി സമയത്തിനു തന്നെ വന്നു. വീട്ടിലെത്തിയ ഉടൻ കദീർ ഫോണ്‍ ചെയ്തു. ഇനി ഡൽഹിയിലേക്കു വരേണ്ട. അന്ന് കണ്ട മുഖം ഇന്നേവരെ കണ്ടിട്ടില്ലെങ്കിലും എന്നെ ഇന്നും വേദനിപ്പിച്ചു കൊണ്ടേയിരിക്കുന്നു. ഇതെല്ലാം ആലോചിച്ചപ്പോഴേക്കും കരച്ചിൽ കൊണ്ട് ബെഡ് സ്പേസ് കുലുങ്ങാൻ തുടങ്ങി. ആനിയിറങ്ങി ലൈറ്റിട്ടു.