Sunday, August 1, 2010

ഗള്‍ഫ് എയര്‍

ഇന്ന് ആഗസ്ത് ഒന്ന്. സന്ദര്‍ശക വിസയില്‍ മുമ്പ് ദുബായ് കണ്ടിട്ടുണ്ടെങ്കിലും കുടുംബവിസയില്‍ സൌദിയില്‍ താമസിച്ചിട്ടുണ്ടെങ്കിലും അഞ്ചു വര്‍ഷം മുമ്പുള്ള ഒരു ആഗസ്ത് ഒന്നിനാണ് എന്‍റെ പ്രവാസ യാത്ര ആരംഭിക്കുന്നത്. പോകാന്‍ തിരുമാനിക്കുമ്പോഴും വിസ തരപ്പെടുത്തുമ്പോഴുമെല്ലാം
ഉമ്മ കാലില്‍ വീണ് പറഞ്ഞു, "മോളേ, ഇന്ന് നിന്റെ മോന് വാപ്പ മാത്രമേ ഇല്ലാതുള്ളൂ, അതിനു ഉമ്മയെ കുടി നഷ്ടപ്പെടുത്താനായി നീ ഈ യാത്ര പോകരുത്".
"ഇല്ലുമ്മാ, ഒന്നിന് മേല്‍ നുറായി വീഴുന്ന അപമാന ഭാരം സഹിച്ചു ഈ നാട്ടില്‍ നില്‍ക്കാനെനിക്ക് വയ്യ. ഞാന്‍ പോകുകയാണ്."
യാത്ര പറഞപ്പോള്‍ മുഖത്ത് പോലും നോക്കിയില്ല, ഉമ്മ. കൂടെ വിമാനത്താവളത്തിലേക്ക് വരാനൊരുങ്ങിയ സഹോദരങ്ങളെ വിലക്കുകയും ചെയ്തു. അടുത്തുള്ള എയര്‍ പോര്‍ട്ടിലേക്ക് യാത്രയായപ്പോള്‍ ഒരിക്കലും കരുതിയില്ല, ഈ യാത്ര ഇത്ര ഭയാനകമായിരിക്കുമെന്ന്.
അബുദാബി വഴി ദുബായിലേക്കുള്ള ഗള്‍ഫ് എയറിന്റെ വിമാനത്തിലായിരുന്നു, യാത്ര. രാത്രി പതിനൊന്നു മണിയോടെ അബുദാബിയിലെത്തി. യാത്ര ക്കരോടെല്ലാം ഒരു മുലയില്‍ വിശ്രമിക്കാന്‍ പറഞ്ഞു. വിശ്രമിച്ചു വിശ്രമിച്ചു മണി മുന്നായിട്ടും ദുബായിലേക്കുള്ള വിമാനമെത്തുന്നില്ല. വിമാനം റദദാക്കിയത്രേ. ഇനി ധൈര്യമായി വിശ്രമിക്കാം. കാത്തിരിപ്പിന്റെ വീര്‍പ്പുമുട്ടലില്ലല്ലോ. ഇതിനിടെ കുശലാന്വെഷണങ്ങളുമായി സൌഹൃദങ്ങളുമെത്തി. ദുബായിലെ ഒരു കമ്പനിയില്‍ ജോലിക്ക് പോകുന്ന കുറെ ആണ്‍കുട്ടികളും ലണ്ടനിലേക്ക് പോകുന്ന നേഴ്സായ ലിന്സിയുമായും പരിചയത്തിലായി.
ദുരെ നിരയില്‍ നിന്നും ഒരു വിദേശി സ്ത്രി കുറെ നേരമായി എന്നെ ശ്രദ്ധിക്കുന്നു. എവിടെയോ പരിചയമുള്ളത് പോലുണ്ട്. പക്ഷേ ലൊക്കേറ്റു ചെയ്യാന്‍ സാധിക്കുന്നില്ല. അവസാനം അവര്‍ അടുത്ത് വന്നു. "Yes Sakeena, you know me, we were there together in Shivananda Ashram"
ശരിയാണ്, നെയ്യാര്‍ ഡാമിലെ ശിവാനന്ദാശ്രമത്തില്‍ യോഗ പടിക്കാന്‍ പോയപ്പോള്‍ ഇവരുണ്ടായിരുന്നു, ഒരാഴ്ച്ച കൂടെ. അവര്‍ അഡ്രസും ഫോണ്‍നമ്പരും തന്നു ഒന്ന് കെട്ടിപ്പിടിച്ച്ചിട്ടു പോയി.
വിണ്ടും ഞങ്ങള്‍ വിശേഷങ്ങളിലേക്ക് തിരിഞ്ഞു. തമാശ പറഞ്ഞു, ചിരിച്ചു, ഇതിനിടെ ലിന്സിയുടെ വിമാനം വന്നു, പോയി. പാവം ഇതൊന്നുമറിഞ്ഞില്ല. അധികൃതരോട് പരാതി പറഞ്ഞപ്പോള്‍ ഉച്ചയ്ക്ക് രണ്ടു മണിക്കുള്ള അടുത്ത വിമാനത്തില്‍ കയറ്റി വിടാമെന്നുറപ്പ് നല്‍കി.
സാരമില്ല, നമുക്ക് കുറച്ചു നേരം കുടി വര്‍ത്തമാനം പറയാന്‍ കിട്ടുമല്ലോയെന്നു പറഞ്ഞു പുര്‍വ്വാധികം ശക്തിയോടെ ഞങ്ങള്‍ സംസാരിച്ചുകൊണ്ടേയിരുന്നു.
ഇതിനിടയില്‍ നേരം വെളുത്തു. ഒമ്പത് മണിയായി, പത്തു മണിയായി. ആരും പച്ചവെള്ളം പോലും തരുന്നില്ല. ആരോ പറഞ്ഞു, ബ്രേക്ക് ഫാസ്റ്റ് അറേഞ്ച് ചെയ്യുന്നുണ്ടെന്ന്. പല്ല് തേക്കാതെ, കുളിക്കാതെ, പാറിപ്പറന്ന മുടിയും ഉറക്കം ബാക്കി നില്‍ക്കുന്ന കണ്ണുകളുമായി അടുത്ത ക്യു, ബ്രേക്ക് ഫാസ്ടിനായി. ഉച്ചയ്ക്ക് ഒരു മണിയോടെ ഫാസ്റ്റു ബ്രേക്കായി. ഇതിനകം കുട്ടുകാരിക്ക് പോകാനുള്ള സമയമായി.കണ്ണീരോദെ ഞങ്ങള്‍ വിട പറഞ്ഞു.
അബുദാബിയില്‍ നിന്നും ദുബായിലേക്ക് ബസ്സിലോ കാറിലോ ഒന്നര മണിക്കൂര്‍ യാത്രയേയുള്ളൂ. പക്ഷേ വിസ ദുബായ് എയര്‍ പോര്‍ട്ടില്‍ നിന്നും ശേഖരിക്കണം.വിസയില്ലാതെ വിമാനത്താ വളത്തിനു പുറത്ത് കടക്കാനാവില്ല. കയ്യിലുണ്ടായിരുന്ന ചില്ലറ ദിര്‍ഹം അറിയാവുന്ന നമ്ബരിലെക്കെല്ലാം വിളിച്ചു തീര്‍ത്തിരുന്നു.
എന്തിനധികം, അവസാനം ഒരു നാല് മണിയോടെ ഗള്‍ഫ് എയറിലെ യാത്രക്കാരെയെല്ലാം എമിറേറ്റ്സിന്റെ ഒരു വിമാനത്തിലാക്കി ദുബായിലെത്തിച്ച്ചു. വിമാനത്താവലത്തിലെത്തി ബന്ധുവായ നാസറിക്കയെ വിളിച്ചു, അര മണിക്കുറിനകം നാസറിക്കയെത്തി. കരാമയില്‍ ഒരു ബെട് സ്പേസും ഉറങ്ങാനാവശ്യമായ സൌകര്യങ്ങളും ഏര്‍പ്പാടാക്കിയിട്ടുണ്ടായിരുന്നു. മിനാക്ഷിയാണ് വാതില്‍ തുറന്നത്. മിനാക്ഷി ബോംബെകാരിയാണ്. രണ്ടു നിലയുള്ള കുറെ കറുത്ത കട്ടിലുകളും മിനാക്ഷിയും ഞാനും മാത്രമേ അന്ന് ആ ഫ്ലാടിലുണ്ടായിരുന്നുള്ളൂ. നടുവൊന്നു നിവര്‍ത്തി ഇരിക്കാന്‍ പോലും കഴിയാത്തതാണോ മലയാളിയുടെ സ്വര്‍ഗമായ ദുബായിലെ അവസ്ഥ.
രാത്രി ഉറക്കം വന്നില്ല. കുഞ്ഞിന്റെ മുഖവും ഉമ്മച്ചിയുടെ വാക്കുകളും കാതില്‍ പ്രതിധ്വനിക്കുന്നു.

No comments:

Post a Comment