Friday, October 15, 2010

ഇന്റര്‍വ്യൂ

ഇതിനിടെ ഖലീലിനെ കണ്ടു. അയാള്‍ എന്റെ ഒരു കക്ഷി ആയിരുന്നു. കളമശ്ശേരി പോലീസ് സ്റ്റേഷനില്‍ തുടങ്ങിയ ഒരു പരാതിയില്‍ നിന്ന് എക്സ്ട്രടിഷന്‍ വരെ എന്നെ പഠിപ്പിച്ച കക്ഷി. ഇന്ത്യയും യു.എ.ഇ യും തമ്മില്‍ എക്ഷ്ട്രഡിഷന്‍ കരാരുണ്ടാക്കിയതിനു ശേഷം ആദ്യമായി ഒരുപക്ഷെ എക്ഷ്ട്രഡിഷന്‍ വാറണ്ട് അബുധാബി എമ്ബസിയിലെക്കയച്ചത് കളമശ്ശേരി പോലീസ് സ്റെഷനില്‍ നിന്നായിരിക്കാം. വ്യക്തമായ ഒരു പ്രീസീടന്റ്റ് പോലുമില്ലാതെ ആയിരത്തി തൊള്ളായിരത്തി എഴുപതുകളിലെങ്ങോ കല്‍കത്ത ഹൈകോടതിയുടെ ഒരു വിധിയില്‍ വന്ന പ്രോസീജ്യരിന്റെ അടിസ്ഥാനത്തിലാണ് കേസ് ചെയ്തത്.അയക്കേണ്ട കോടതിക്കും ഉത്തരവിടെണ്ട സി.ഐ ക്കും അറിയില്ല, ഇതിന്റെ നടപടി ക്രമം. ഇന്റര്‍നെറ്റില്‍ നിന്ന് കിട്ടിയ വാര്‍ത്താ ശകലത്തിന്റെയും എ.ഐ. ആര്‍ റിപ്പോര്‍ട്ട് കൊപ്പിയുടെയും അടിസ്ഥാനത്തില്‍ ഒരു വിധം വാരന്ടു അയപ്പിച്ച്ചു. പക്ഷെ പ്രതി അയാളുടെ അനന്തിരവന്‍ തന്നെയായിരുന്നതിനാല്‍ നാട്ടില്‍ വന്ന സമയത്ത് പിടി കൂടിയത്രേ.

തുച്ചമായ ഫീസിനു ഇത്രയൊക്കെ ചെയ്ത വക്കീലല്ലേ. അതാവും കാണാന്‍ വന്നത്. അയാളുടെ കൂട്ടുകാരന്‍ ഒരു ഈജിപ്ഷ്യന്‍ അലാ അലിയെ പരിചയപ്പെടുത്തി തന്നു. ആ പരിചയത്തിലൂടെ ഒരു വനിതാ വക്കീല്‍ ദുബായിലെ പ്രശസ്തമായ എമിരെട്സ് അഡ്വക്കെട്സില്‍ ഒരു ഇന്റര്‍വ്യൂ തരപ്പെടുത്തി.

അപ്പോഴാണ്‌ അറബികളെ ആദ്യമായി അടുത്തു കാണുന്നത്. ഇന്റര്‍വ്യൂ പാനലില്‍ ഉണ്ടായിരുന്ന അറബികലെല്ലാം അടി മുതല്‍ മുടി വരെ വെള്ള വസ്ത്രം കൊണ്ട് മൂടിയിരുന്നുവെങ്കിലും കൂട്ടത്തിലുണ്ടായിരുന്ന ആംഗലേയ വനിതയ്ക്ക് പേരിനു മാത്രമേ വസ്ത്രമുണ്ടായിരുന്നുള്ളൂ. സ്ത്രീ ഉദ്യോഗാര്‍ത്ഥിക്ക് ദുബായില്‍ യോഗ്യതയോടൊപ്പം അല്ലെങ്കില്‍ അതിലേറെ വസ്ത്രത്തിലെ അല്പത്വ്വും ഒരു മാനദണ്ടമാണെന് അന്നെനിക്ക് മനസ്സിലായില്ല.

പൌരത്വത്തിലും ഭാഷയിലും ഇംഗ്ലീഷു കാരനല്ലെങ്കിലും ഇന്ത്യന്‍ വക്കീല്‍ പഠിക്കുന്ന നിയമം ഇംഗ്ലീഷു കാരന്റെ അതെ കോമണ്‍ ലോ തന്നെയാണ്. എന്നാല്‍ ദുബായില്‍ കോമണ്‍ ലോ അനുസരിച്ചല്ല വിധി നടപ്പാക്കുന്നത്. എന്നാലും അറബി വക്കീലന്മാര്‍ ക്രിമിനല്‍ സിവില്‍ വിഷയങ്ങളെ കുറിച്ചൊക്കെ ചോദിച്ചു, അറിയാവുന്നതൊക്കെ പറഞ്ഞു പോന്നെങ്കിലും അവരുടെ പ്രതികരണത്തില്‍ നിന്ന് അതൊരു പ്രഹസനം മാത്രമാണെന്ന് മനസ്സിലായിരുന്നു.

അടുത്ത ഇന്റര്‍വ്യൂ അജ്മാനിലായിരുന്നു. പോകും വഴി നാസറിക്ക പറഞ്ഞു, നീ ഇനി അജ്മാനിലും ഷാര്‍ജയിലുമോന്നും സി.വി.അയയ്ക്കണ്ട. ദൂരം കുറവാണെങ്കിലും അവിടെ എത്തിപ്പെടാന്‍ ചിലപ്പോള്‍ ദിവസത്തിന്റെ പകുതി ഭാഗവും തികയാതെ വരും. അതുകൊണ്ട് സീറോ ഫോര്‍ ഉള്ള നംബരില്‍ മാത്രം അയച്ചാല്‍ മതി.

എനിക്ക് സന്തോഷമായി. അത്രയും കുറച്ചു സി. വി. അയച്ചാല്‍ മതിയല്ലോ. അജ്മാനും ഷാര്‍ജയുമെല്ലാം യു.എ. ഇ.യുടെ വെവ്വേറെ എമിരേറ്റ്സ് അല്ലെങ്കില്‍ സ്റ്റെറ്സുകളാണ്. അബുധാബി, റാസ്‌-അല്‍-ഖൈമ, ഫുജൈറ,ഉം-അല്‍-ഖുവൈന്‍, അജ്മാന്‍, ഷാര്‍ജ, ദുബായ് എന്ന ഏഴു എമിറെട്ട്സ്കള്‍ ചേരുന്നതാണ് യു.എ.ഇ.

ഇന്റര്‍വ്യൂ കാര്യമായി നടന്നു, ഭാഗ്യത്തിന് ബോസ് ഉണ്ടായിരുന്നു. അയാള്‍ പറഞ്ഞു, ഇവിടെയുള്ള ജോലി ടെലിഫോണ്‍ ഓപ്പരെട്ടരുടെയും ട്ടൈപ്പിസ്ടിന്റെയും ഒക്കെയാണ്, ഇതൊരു ട്രെടിംഗ് കമ്പനിയാണ്, ഈ ജോലി തനിക്കിഷ്ട്ടമാകുമോ എന്നറിയില്ല. ഞാനെന്റെ ഒരു ഫ്രണ്ടിനു തന്റെ നമ്പര്‍ കൊടുക്കാം. അയാള്‍ വിളിക്കും.

ഇവിടെയും ഇറങ്ങാന്‍ നേരം ഒരു പരിചയക്കാരന്‍ വന്നു പെട്ടു. അയാള്‍ എന്റെ ബന്ധു വായിരുന്നുവെങ്കിലും പരിചയത്തിനു ശേഷമാണ് ആ വിവരം അറിഞ്ഞതെന്നതിന്നാല്‍ പരിചയക്കാരന്‍ ആയി മാത്രം നില കൊണ്ടു. നാസരിക്കയുമായി കുറെ നേരം കുശലം പറഞ്ഞു, തിരിച്ചും പോരും വഴി ഞാന്‍ പറഞ്ഞു, "നമുക്കിനി മലയാളികളില്ലാത്ത ഓഫീസില്‍ ഇന്റര്‍വ്യൂവിനു പോയാല്‍ മതി".

അതിനു നീ ഏതെങ്കിലും പുതിയ ഗ്രഹം തന്നെ കണ്ടുപിടിക്കേണ്ടി വരും, എന്നിട്ട് ആദ്യം നീ തന്നെ ജോലിയും നേടണം. അപ്പോഴും ആദ്യത്തെ ആള്‍ മലയാളി തന്നെ ആയിരിക്കും. പന്നെ യു.എ.യിലെ പ്രവാസികളില്‍ ഏറിയ പങ്കും ഇന്ത്യ കാരാണെന്നും അതില്‍ തന്നെ അറുപതു ശതമാനത്തിലധികവും മലയാളികലാനെന്നുമൊക്കെ പറഞ്ഞു, നാസറിക്ക പോരുന്ന വഴി.

വൈകുന്നേരമായപ്പോള്‍ അജ്മാനിലെ ബോസിന്റെ സുഹൃത്ത് വിളിച്ചു. പക്ഷേ, അദ്ദേഹത്തിന്‍റെ കമ്പനിയില്‍ ഇന്റര്‍വ്യൂവിനു അങ്ങോട്ട്‌ ചെല്ലെണ്ടാത്രേ. നാളെ രാവിലെ അയാള്‍ ഇങ്ങോട്ട് വരാമെന്ന്. ഇതുമൊരു പക്ഷേ ഇന്റര്‍വ്യൂവിന്റെ ഭാഗമാകുമെന്ന് കരുതി ഞാന്‍ സമ്മതിച്ചു. ഇനി ഇന്ടര്‍വ്യൂവിനായാലും ഒറ്റയ്ക്ക് തന്നെ പോകണം.

അജ്മാന്‍ ഷാര്‍ജ ഇന്റര്‍വ്യൂ നാസറിക്കയുടെ ജോലിയെ ബാധിക്കാന്‍ പാടില്ല. എന്തായാലും അയാള്‍ വരട്ടെ, വന്നു റിസള്‍ട്ട് അറിഞ്ഞിട്ടു പറഞ്ഞാല്‍ മതി എല്ലാവരോടും. ഇപ്പൊ ഓരോന്ന് കഴിഞ്ഞു വരുമ്പോഴും എന്തായി എന്നാ ചോദ്യം തന്നെ അരോചകമായി തുടങ്ങി. എന്നെ ഒന്നിനും കൊള്ളില്ലാത്തത് എന്ന തോന്നലല്ലാതെ മറ്റൊന്നും ഈ ഇന്റര്‍വ്യൂ തരുന്നില്ല.

വക്കീലാവുക എന്ന ജീവിത ലകഷ്യവുമായി നടന്ന കാലത്ത് ഒരു ടെസ്റ്റ് പോലും എഴുതാത്ത ഞാന്‍ പത്താം ക്ലാസ് പോലും പാസാകാത്ത ഇവിടുത്തെ ബോസുമാരുടെ മുമ്പില്‍ സര്‍ട്ടിഫിക്കറ്റും നീട്ടി ഓച്ച്ചാനിച്ച്ചു നില്‍ക്കുകയും ഇതൊന്നും ഞങ്ങള്‍ക്ക് ഒന്നുമല്ല എന്ന ഭാവത്തില്‍ പുച്ച്ചത്തോടെ അവലോകനം ചെയ്യുകയും ചെയ്യുന്ന അവസ്ഥ ഓര്ക്കുമ്പോള്‍ ഓടിപ്പോരാന്‍ പലവട്ടം തോന്നിയിട്ടുണ്ട്.

പക്ഷേ പാടില്ല, ആര് വര്ഷം മോമ്പ് ഇത് പോലൊരു വിസിറ്റിംഗ് വിസയില്‍ വന്നു മൂന്നു ദിവസത്തിനുള്ളില്‍ മൂന്ന് ജോലി തരപ്പെട്ടിട്ടും "വേണ്ട, അറബിയുടെ ലക്ഷത്തെക്കാലും വലുതാണ്‌, എനിക്കെന്റെ ഹൈക്കോടതിയിലെ ആയിരം രൂപ" എന്ന് പറഞ്ഞു ഓടിയ കടം ഇന്നും വീട്ടിയിട്ടില്ല. ഇന്ന് പണ്ടത്തെത് പോലല്ല.എനിക്കൊരു കുഞ്ഞുണ്ട്‌, അതിനെ വളര്‍ത്തണം.

ഒന്നിനോടുമുള്ള കടപ്പാടോ പ്രതിബദ്ധതയോ ഓര്ക്കാതെ മക്കളോടുള്ള ഉത്തരവാദിത്വം ഗര്ഭാപാത്രത്തോടൊപ്പം ദൈവം സ്ത്രീക്ക് നല്‍കിയ കടമയാകാം. അവിടെ ഫിലിപ്പീനിയും മലയാളിയും സുടാനിയുമെല്ലാം ഒരുപോലെയാണ്. പ്രസവിച്ചു പോയ കുഞ്ഞിനെ വളര്‍ത്താന്‍ വേണ്ടിയാണ്, ഭൂരിഭാഗം ഗര്‍ഭപാത്രങ്ങളും ഇവിടെ വില്‍ക്കപ്പെടുകയും പണയപ്പെടുത്തുകയും ചെയ്യുന്നത്. ഉപേക്ഷിച്ചു പോയ ഭര്‍ത്താവിനെ കുറിച്ചോര്‍ക്കുമ്പോള്‍ അതുപോലുള്ള ഒരുപാട് ഭര്‍ത്താക്കന്മാരെ കാണുമ്പോള്‍ എട്ടും പൊട്ടും തികയാത്തതെങ്കിലും എന്റെ മകനോട്‌ നിശ്ശബ്ദം ഞാന്‍ കണ്ണീരു ചാലിച്ചു മന്ത്രിക്കാറുണ്ട്, "മകനേ നിന്ടച്ച്ചനൊരു മിഥ്യ മാത്രമാണെന്ന് വളരുമ്പോള്‍ അമ്മ പറഞ്ഞാല്‍ അന്ന് നീ എതിര്‍ക്കരുത്, അതാണ്‌ സത്യം, അമ്മ മാത്രമാണ് സത്യം. സാഹചര്യമെന്ന അനുപാതത്തെ തുല്യമാക്കാന്‍ അമ്മ ഇട്ടു തരുന്ന ഈ സ്ഥിരത മാത്രമാണ് അച്ചന്‍ എന്ന നിര്‍വചനത്തെ നീ എങ്കിലും അമ്ഗീകരിച്ച്ചേ മതിയാകൂ.നീ ആണായിരിക്കാം. . അവകാശങ്ങളില്ലാത്ത ആശ്രയമില്ലാത്ത അംഗീകാരമില്ലാത്ത അനാഥരായ ഒരുപാടമ്മമാരുടെ കണ്ണീരാണ് കുഞ്ഞേ, സ്ത്രീ സ്വാതന്ത്ര്യത്തെ നഖശിഖാന്തം എതിര്‍ക്കുന്ന നിന്ടമ്മയെ കൊണ്ടും ഇത് പറയിക്കുന്നത്".

അവനതു മനസ്സിലായി എന്ന് തോന്നുന്നു. രണ്ടു വയസ്സ് തികയും മുമ്പ് ചുമരില്‍ തൂങ്ങുന്ന പപ്പയുടെ ഫോട്ടോ നോക്കി കരയാറുള്ള എന്നോടവന്‍ പറഞ്ഞു, "മമ്മീ, ആച്ചൂന്റെ പപ്പാ താഴേക്കു ഇറങ്ങി വരണ്ട. അവിടെ നിന്ന് നമുക്ക് കണ്ടാല്‍ മതി".
പിന്നീട് എന്റെ ദുബായ് യാത്രക്കിടയില്‍ കുഞ്ഞു കണ്ടു വിഷമിക്കാതിരിക്കാന്‍ വീട്ടുകാരതിനെ എടുത്തു എവിടെയോ ഒളിച്ചു വെച്ചു. തിരിച്ചു വന്നു പൊടി തട്ടി അതിനു മുമ്പില്‍ നിന്ന് വീണ്ടും കരയുന്ന എന്നെ നോക്കി അവന്‍ തന്നെ പിന്നെ പറഞ്ഞു, "വലിച്ചെരിഞ്ഞൂടെ മമ്മിക്കീ ഫോട്ടോ, ഇനിയും ഓര്‍ത്തോണ്ടിരുന്നു കരയണോ".

ശരിയാണ്, പക്ഷെ ഞാന്‍ പറഞ്ഞു, "മമ്മി മറന്നാലും നീ ഓ ര്ക്കണം മോനെ, ഇത് നിന്റെ പപ്പയാണ്‌" ഇരുപത്തേഴാം രാവിലും ബ്രാത്തു രാവിലുമെല്ലാം പപ്പയുടെ ആയുസ്സിനും ആരോഗ്യത്തിനും വേണ്ടി പ്രാര്‍ത്ഥിക്കാന്‍ നിര്‍ബന്ധിക്കുമ്പോള്‍ അവന്‍ കയര്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു. അങ്ങിനെ ആര്‍ക്കെങ്ങിലും ആയുസ്സും ആരോഗ്യവുമുണ്ടായിട്ടു എനിക്കെന്തിനാ, എന്നെ കാണണമെന്ന് ഈ പപ്പക്കൊരിക്കലും തോന്നിയിട്ടില്ലല്ലോ. മമ്മിക്കു വേറെ പണിയൊന്നുമില്ലല്ലോ, പ്രാര്‍ത്ഥിച്ചും കരഞ്ഞുമിരുന്നോ.

എനിക്കെന്തു ചെയ്യാനാകും, അവന്റെ കുഞ്ഞു നീതിക്ക് പോലും ന്യായീകരിക്കാനാകാത്ത തെറ്റ് ചെയ്ത പപ്പയെ അവനിലെക്കടുപ്പിക്കാന്‍ എന്ത് കഥ ഞാന്‍ പറഞ്ഞു കൊടുക്കണം. ഉപേക്ഷിച്ചു പോയതെങ്കിലും പ്രിയ ഭര്‍ത്താവേ, നിങ്ങള്ക്ക് വേണ്ടി അഞ്ചു നേരവും കണ്ണീരോടെ ഞാന്‍ പ്രാര്‍ത്ഥിക്കാറുണ്ട്.എവിടെയാണെങ്കിലും സമാധാനവും സന്തോഷവും നല്‍കണേ എന്ന്, എന്നെക്കാള്‍ നല്ലൊരു പങ്കാളിയെയും നല്‍കണേ എന്ന്. ഇന്നുവരെ നിങ്ങളെ മനസ്സിന്റെ വിദൂര കോണില്‍ പോലും ശപിച്ചിട്ടില്ല. അതുമാത്രമാണെന്റെ സമാധാനവും. ജീവിച്ചിരിക്കുന്നോ എന്ന് പോലും എനിക്കറിയാത്ത നിങ്ങള്‍ പാതിവഴിയിലെവിടെയോ വെച്ചു മരണത്തിലൂടെയല്ലാതെ കുഞ്ഞു നഷ്ട്ടപ്പെട്ട ഒരമ്മയുടെ വേദനയാണെനിക്ക് തരുന്നത്. ഇല്ല, നിങ്ങളൊരു മിഥ്യയല്ല. എന്റെ ആത്മാവാണ്, അല്ലെങ്കില്‍ എന്റെ ആത്മാവിന്റെ ആജീവനാന്ത വേദനയാണ്.

പറഞ്ഞത് പോലെ പിറ്റേ ദിവസം ഇന്റര്‍വ്യൂവിനു പറഞ്ഞ ആള്‍ പത്തു മണിയായപ്പോള്‍ വന്നു. ഞാന്‍ അ ഡ്രസ് പറഞ്ഞു കൊടുത്തു. അയാള്‍ കീര്‍ത്തി സെന്ടരിനടുത്തു വന്നു. അയാള്‍ വന്ന കാറില്‍ കയറാന്‍ ആവശ്യപ്പെട്ടു. ഫ്രണ്ട് സീറ്റില്‍ കയറാന്‍ മടിയുണ്ടായിരുന്നു. കോടതിയില്‍ പോകുമ്പോള്‍ സീനിയരിനോടൊപ്പം മുന്‍ സീറ്റി ലിരുന്നിട്ടുണ്ട്, പക്ഷെ അതെന്റെ കൂട്ടുകാരന്റെ അച്ഛനായിരുന്നു. പിന്നെ ഭര്‍ത്താവിനോടോപ്പമാല്ലാതെ ആകെ യാത്ര ചെയ്തത് ഒരിക്കല്‍ ഷിബുവിന്റെ കാറിലാണ്, നിന്നെ പുറകിലിരുത്തി വണ്ടി ഓടിക്കാന്‍ ഞാന്‍ നിന്റെ ഡ്രൈവറല്ലെന്നും എന്റെ ഉമ്മയും പെങ്ങളുമെല്ലാം കാറിന്റെ മുന്‍ സീറ്റില്‍ തന്നെയാ ണിരിക്കുന്നതുമെന്നെല്ലാം വിശദീകരിച്ച ശേഷമാണ് അന്നങ്ങിനെ യാത്ര ചെയ്തത്.

എന്റെ മടി കണ്ട അയാള്‍ വിശദീകരിച്ചു, ഇവിടെ പിന്സീട്ടിലിരുന്നു യാത്ര ചെയ്താല്‍ പ്രൈവട് ടാക്സി എന്ന പേരില്‍ പോലീസ് പിടിക്കും. എന്തായാലും കാറില്‍ കയറി. അയാള്‍ അടുത്തു തന്നെയുള്ള ഏതോ ഷോപ്പിംഗ് മാളില്‍ കാര്‍ പാര്‍ക്ക് ചെയ്തു. പിന്നീട് മനസ്സിലായി, അത് ലാംസി പ്ലാസ ആയിരുന്നു, അതിനു ശേഷം ഞാന്‍ ആ സ്ഥലം കണ്ടിട്ടില്ല.

ഒന്നാം നിലയിലുള്ള ഒരു റസ്റ്റോറനടിന്റെ ഒഴിഞ്ഞ കോണിലിരുന്നു സംസാരിക്കാന്‍ തുടങ്ങി. കൂട്ടത്തില്‍ ഐസ്ക്രീമും ഓര്‍ഡര്‍ ചെയ്തു. ഞാന്‍ ജോലിയെക്കുറിച്ചറിയാനുള്ള ആകാംക്ഷയിലിരുന്നു. അയാള്‍ സംസാരിക്കാന്‍ തുടങ്ങി. അയാള്‍ക്ക്‌ യു.എ.ഇ യില്‍ പലയിടത്തായി രണ്ടു മൂന്നു ക്ലിനിക് ഉണ്ട്. ഒരുപാട് സ്റ്റാഫ് ഉണ്ട്, മക്കള്‍ രണ്ടു പേരും ഇവിടെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ് എന്നിങ്ങനെ പോയി സംഭാഷണം.

ഇടയ്ക്ക് കയറി ഞാന്‍ ചോദിച്ചു, സാറെന്താ സ്പെഷ്യലൈസ് ചെയ്തതെന്ന്, "ഞാനോ, ഞാന്‍ വെറും ബി.എ. കാരനാണ്", ഹോസ്പിറ്റല്‍ നടത്താന്‍ ടോക്ട്ടരോന്നും ആകണ്ട, കേസ് നടത്താന്‍ വക്കീലുമാകണ്ട, ഇവിടെ, കാശുണ്ടായാല്‍ മതി. ഡോക്ട്ടരെയും വക്കീലിനെയുമെല്ലാം വിലക്കെടുത്തു നടത്തിക്കും, അത്ര തന്നെ.

അയാള്‍ കുടുംബ പശ്ചാത്ത ലത്തിലേക്ക് കടന്നു, കൊടുങ്ങല്ലൂരിലെ പ്രശസ്തമായ കുടുംബമാണ് തന്റെതെന്നും ഭാര്യ ആള് ശരിയല്ലെന്നും അതുകൊണ്ട് അവരെ ഡിവോര്സ് ചെയ്യുകയാനെന്നുമൊക്കെ കഥ നീണ്ടു പോയി. പിന്നെ ഭാര്യയുടെ കാമുകനിലെക്കും കടക്കുന്നത്‌ കണ്ടപ്പോള്‍ ജോലി കിട്ടിയില്ലെങ്കിലും വേണ്ടില്ല എന്നോര്‍ത്തു ഞാന്‍ പറഞ്ഞു, "അന്യരോട് സ്വന്തം ഭാര്യയെ കുറ്റം പറയുന്നത് അള്ളാഹു അങ്ങേയറ്റം വെറുക്കുന്ന ഒന്നാണ്".

പക്ഷെ തന്നോടിത്‌ പറഞ്ഞേ മതിയാകൂ. ഇയാള്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് ഒരു പിടിയും കിട്ടാതിരുന്ന ഞാന്‍ സഹികെട്ട് പറഞ്ഞു, താങ്കളുടെ കൂട്ടുകാരന്‍ പറഞ്ഞ ജോലി ഇതുവരെ പറഞ്ഞില്ല, "അത് തന്നെയാ പറഞ്ഞു വരുന്നത്, അവനെന്നോട് പറഞ്ഞു, നിനക്ക് പറ്റിയ ഒരു പെണ്ണിനെ ഞാന്‍ കണ്ടിട്ടുണ്ട്, ദുബായിലാണ്, അതിനു വേണ്ടിയാ കാണാന്‍ വന്നത്, എനിക്കിഷ്ട്ടമായി, ഈ വേഷമൊക്കെ മാറ്റി ഇത്തിരി മോഡേന്‍ ആയാല്‍ മതി.

പെട്ടെന്ന് എന്തുത്തരം പറയണമെന്ന് പിടികിട്ടിയില്ല. എന്നാലും പറഞ്ഞു, ഇപ്പോഴെനിക്ക്‌ കല്യാണം കഴിക്കാനുള്ള മാനസികാവസ്ഥയല്ല.പിന്നീടാലോചിക്കാം. അയാള്‍ ഉപദേശിക്കാന്‍ തുടങ്ങി, കഴിഞ്ഞു പോകുന്ന പ്രായത്തെ പറ്റി, പലരുടെയും അനുഭവത്തെ പറ്റിയൊക്കെ. ഇനി ഒരേ ഒരു വഴിയേയുള്ളൂ."താങ്കള്‍ക്കു എന്നെ പറ്റി ഒന്നും അറിയില്ലല്ലോ, എനിക്ക് മാരകമായ ഒരു അസുഖമുണ്ട്, പിന്നെ അതിനെ കുറിച്ചു അറിയാവുന്ന രീതിയിലെല്ലാം വിശദീകരിച്ചു".

ആദ്യമൊക്കെ പ്രശ്നമില്ല, ഞാന്‍ ചികില്സിച്ച്ചോളാം എന്നൊക്കെ പറഞെങ്കിലും ഞാന്‍ കൂടുതല്‍ വിശദീകരിച്ചപ്പോള്‍ അയാള്‍ പതുക്കെ ഒഴിഞ്ഞു മാറി. എന്നെ എന്റെ സ്ഥലത്ത് കൊണ്ട് വന്നിറക്കി. ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കാണുന്നവരോടൊക്കെ ഭര്‍ത്താവ് അടുത്തില്ല, ദല്‍ഹിയിലാണ്, ടൈവോഴ്സിയാണ്, ഒറ്റയ്ക്കാണ് എന്നെല്ലാം പറഞ്ഞതിന്റെ ഫലമാണ് അനുഭവിച്ചത്. നുണ പറയാനുള്ള വിഷമം കൊണ്ടാണ് അങ്ങിനെയൊക്കെ തന്നെ പറഞ്ഞത്, എന്തായാലും ഞാന്‍ ഒരു കാര്യം തീരുമാനിച്ചു, ഇനി എങ്ങോട്ടും സി.വി. അയക്കുന്നില്ല.

2 comments:

  1. വായിച്ചു കഴിഞ്ഞപ്പോള്‍ എവിടെയോ ഒരു .............
    അറിയില്ല എന്തു പറയണമെന്ന് ?

    ReplyDelete